മൈക്ക് പെർമിഷൻ ഉൾപ്പെടെ പോലീസ് സേവനങ്ങൾക്ക് ഫീസ് വർദ്ധിപ്പിച്ചു.
പോലീസ് ഇൻസ്പെക്ടർക്ക് 6000 രൂപ
തിരുവനന്തപുരം : പോലീസ് വകുപ്പിൽ നൽകുന്ന വിവിധ സേവനങ്ങൾക്ക് അപേക്ഷകൾക്കും സ്വകാര്യ സുരക്ഷയ്ക്ക് പോലീസുകാരെ ലഭിക്കാനുള്ള ഫീസും വൻതോതിൽ വർദ്ധിപ്പിച്ചു. ഇൻസ്പെക്ടർ റാങ്കിലെ ഉദ്യോഗസ്ഥന്റെ സുരക്ഷാ സേവനത്തിന് ഒരു ദിവസം പകലിന് 6000 രൂപ നൽകണം. രാത്രിയാണെങ്കിൽ 7000 രൂപയാകും.
പോലീസ് നായയെ ലഭിക്കാൻ ദിവസത്തിന് പത്തായിരം രൂപ നൽകണം.
പോലീസ് വകുപ്പിലെ വിവിധ സേവനങ്ങൾക്ക് ഫീസുകൾ വർധിപ്പിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.
മൈക്ക് ലൈസൻസിനുള്ള അപേക്ഷ 365 രൂപയായിരുന്നത് 500 രൂപ ആക്കി. ഓടുന്ന വാഹനത്തിൽ ആണെങ്കിൽ 750 രൂപയും സംസ്ഥാനത്താകെയുള്ള അനുമതിക്ക് ആദ്യ അഞ്ചു ദിവസത്തിന് 6070 രൂപയും പിന്നീടുള്ള ഓരോ ദിവസത്തിനും 750 രൂപയും നൽകണം.
സിനിമ ഷൂട്ടിങ്ങിന് ഉൾപ്പെടെ പോലീസ് സ്റ്റേഷൻ കെട്ടിടം വാടകയ്ക്ക് ലഭിക്കാൻ ഒരു ദിവസത്തേക്ക് 15000 രൂപ ആണ് ഫീസ്.
വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ടു പോകാൻ എസ്കോട്ടായി സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഡിവൈഎസ്പി വരെയുള്ള അവരുടെ സേവനം ലഭിക്കുവാൻ 1600 രൂപ മുതൽ 3000 രൂപ വരെയാണ് ഫീസ്.
പോലീസ് അനുമതി ആവശ്യമുള്ള ചടങ്ങുകൾക്കുള്ള അപേക്ഷ ഫീസ് 1500 രൂപ ആക്കി.ഫിസിക്കൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് പെർമിറ്റ് ലഭിക്കുവാൻ ഫീസ് 4000 രൂപയാക്കി.
വാഹനാപകട ഇൻഷുറൻസ് ആവശ്യങ്ങൾക്കുള്ള ഓരോ രേഖമുള്ള അപേക്ഷ 50 രൂപയിൽ നിന്ന് 60 രൂപയായി ഉയർത്തി.
എമിഗ്രേഷൻ ആവശ്യങ്ങൾക്കുള്ള വിരലടയാളം അറ്റസ്റ്റ് ചെയ്യാൻ 1500 രൂപയും, വിരൽ അടയാള താരതമ്യ പഠന ഫീസ് 8000 രൂപയും ആക്കി.
സിവിൽ കേസുകളും ആയി ബന്ധപ്പെട്ട രേഖകളുടെ ഫോറൻസിക് പരിശോധനയ്ക്ക് ഓരോ രേഖയും പരിശോധിക്കുവാൻ പതിനാലായിരം രൂപയാണ് പുതിയ ഫീസ്.
ആയുധ പരിശോധന, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് പരിശോധന, ഡി എൻ എ സാമ്പിൾ പരിശോധന എന്നിവയ്ക്കുള്ള ഫീസ് വർദ്ധിപ്പിച്ചു.
ജോലി ആവശ്യത്തിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 610 രൂപയിൽ നിന്നും 700 രൂപയാക്കി. വിദ്യാഭ്യാസ ഇന്റെൺഷിപ്പ് ആവശ്യങ്ങൾക്ക് ഈ സർട്ടിഫിക്കറ്റിന് പണം ഈടാക്കില്ല.