കളം നിറഞ്ഞ് സ്ഥാനാർത്ഥികൾ : പാലക്കാട് 10 വയനാട് 16 ചേലക്കര 6 , ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

കളം നിറഞ്ഞ് സ്ഥാനാർത്ഥികൾ : പാലക്കാട് 10 വയനാട് 16 ചേലക്കര 6 , ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു
RASHIK POOKKOM

തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥികളുടെ ചിത്രം തെളിഞ്ഞു. പാലക്കാട്, ചേലക്കര,വയനാട് മണ്ഡലങ്ങളിൽ നാമനിർദേശ പത്രികകളുടെ സുക്ഷ്മ പരിശോധന പൂർത്തിയായി. പാലക്കാട് പത്തും ചേലക്കരയിൽ ആറും വയനാട് 16ഉം സ്ഥാനാർഥികൾ മത്സരരംഗത്ത്. പാലക്കാട് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. ചേലക്കരയിൽ പി വി അൻവറിന്റെ ഡിഎംകെ പിന്തുണയുള്ള സ്ഥാനാർത്ഥി എൻ കെ സുധീറിന് ഓട്ടോറിക്ഷയാണ് ചിഹ്നം.

ചേലക്കരയിൽ 9 പേരാണ് നാമനിർദേശ പത്രിക നൽകിയത്. ഇതിൽ സിപിഐഎമ്മും ബിജെപിയും നിർത്തിയ ഡമ്മി സ്ഥാനാർഥികളുടെ പത്രിക തള്ളി. കൂടാതെ ഒരു സ്വതന്ത്ര സ്ഥാനാർഥി പത്രിക പിൻവലിക്കുകയും ചെയ്തു. ഇതോടെ മത്സരരം​ഗത്തുള്ള സ്ഥാനാർത്ഥികൾ‌ ആറായി. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി, സത്യൻ മൊകേരി, നവ്യ ഹരിദാസ് എന്നിവരെ കൂടാതെ 8 സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരം​ഗത്തുണ്ട്

പാലക്കാട്‌ ഉപതിരഞ്ഞെടുപ്പിൽ ഒരാൾ കൂടി ഇന്ന് പത്രിക പിൻവലിച്ചു. രമേശ്‌ കുമാർ ആണ് ഇന്ന് പത്രിക പിൻവലിച്ചത്. ഇതോടെ വീറും വാശിയും നിറഞ്ഞ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ നേർക്കുനേർ ഏറ്റുമുട്ടാൻ സ്വതന്ത്രർ അടക്കം പത്ത് പേരാണ് മത്സര രം​ഗത്തുള്ളത്. സരിന് ചിഹ്നം കിട്ടിയതോടെ ഒഴിച്ചിട്ടിരുന്ന ചുവരുകളിൽ ചിഹ്നം കൂടി ചേർത്തുതുടങ്ങി. രാവിലെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി പി. സരിൻ കൂടിക്കാഴ്ച നടത്തി. കല്പാത്തിയിൽ നിന്ന് പ്രചാരണം ആരംഭിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലപര്യടനത്തിലാണ്. ഇന്നലെ സുരേഷ്‌ഗോപിയെത്തിയതിന്റെ ആവേശത്തിലാണ് ബിജെപി ക്യാമ്പ്. സി കൃഷ്ണകുമാറിന്റെ പ്രചരണം ഇന്ന് പാലക്കാട് നോർത്ത് ഏരിയയിലായിരുന്നു.

എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയ്ക്കായി, കൽപ്പറ്റയിലും മുക്കത്തും എടവണ്ണയിലും ആണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുയോഗങ്ങൾ. പ്രചാരണ റാലിയും എല്ലാ മണ്ഡലങ്ങളിലും ഉണ്ടാകും. സ്ഥാനാർത്ഥിയുടെ വാഹന പ്രചാരണ യാത്ര കഴിഞ്ഞദിവസം ആരംഭിച്ചു. ബിജെപി സ്ഥാനാർഥി നവ്യാ ഹരിദാസ് വണ്ടൂർ , നിലമ്പൂർ മണ്ഡലങ്ങളിലാണ് ഇന്ന് പ്രചാരണം നടത്തിയത്. നവ്യയുടെ പ്രചാരണത്തിന് രണ്ടാം തീയതി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും നാലിന് മുൻകേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരനും ഏഴിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ജില്ലയിൽ എത്തും.

പ്രിയങ്ക ഗാന്ധി രണ്ടാംഘട്ട പ്രചാരണം പൂർത്തിയാക്കി മടങ്ങിയതോടെ യുഡിഎഫ് കേന്ദ്രങ്ങൾ ആവേശത്തിൽ ആണ്. നേതാക്കളുടെ ഭവന സന്ദർശനം അടക്കമുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ തുടരുകയാണ്. വീടുകയറി പരമാവധി വോട്ടുകൾ സമാഹരിക്കുക എന്ന ദൗത്യമാണ് യുഡിഎഫ് പ്രവർത്തകർ നടത്തുന്നത്. അടുത്ത മൂന്നാം തീയതി പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ വീണ്ടും പ്രചാരണത്തിന് എത്തും.

ചേലക്കരയിൽ രണ്ടാംഘട്ട പ്രചാരണം ഊർജ്ജിതമാക്കി മുന്നണികൾ. രമ്യാ ഹരിദാസിന് വേണ്ടി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് മണ്ഡലത്തിലെത്തും. കൃത്യമായ പ്രവർത്തനങ്ങളിലൂടെ അട്ടിമറി വിജയമാണ് യുഡിഎഫിന്റെ ലക്ഷ്യം. മന്ത്രിമാരെയും സിപിഐഎം സംസ്ഥാന നേതാക്കളെയും പങ്കെടുപ്പിച്ചുള്ള കുടുംബയോഗങ്ങളാണ് എൽഡിഎഫ് നിലവിൽ സംഘടിപ്പിക്കുന്നത്. തൃശ്ശൂർ മോഡൽ പ്രചരണത്തിലൂടെ ചേലക്കര മണ്ഡലത്തിൽ നിർണായക സാന്നിധ്യമാകാനാണ് എൻഡിഎയുടെ ശ്രമം. സുരേഷ് ഗോപി ഉൾപ്പെടെയുള്ള

പ്രധാന നേതാക്കളെ ഒന്നിലധികം തവണ മണ്ഡലത്തിൽ എത്തിക്കാനും എൻഡിഎ ക്യാമ്പ് ശ്രമിക്കുന്നുണ്ട്. പി വി അൻവറിന്റെ ഡിഎംകെ സ്ഥാനാർത്ഥി എൻ കെ സുധീറും പ്രചാരണ രംഗത്ത് സജീവമാണ്.