ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജലജാ രതീഷ്
കോട്ടയം : ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത . കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജലജാ രതീഷ്. 16 വീലുള്ള വലിയ ട്രക്കിലാണ് ജലജ ഭർത്താവ് രതീഷുമൊത്ത് യാത്ര പോകുന്നത് .
പുരുഷന്മാർ മാത്രം നിറഞ്ഞു നിന്ന ചരക്ക് ഗതാഗത മേഖലയിലേയ്ക്കാണ് ഒരു സാധാരണ വീട്ടമ്മ ആയിരുന്ന ജലജ ധൈര്യ സമേതം ഇറങ്ങിത്തിരിച്ചത്. ആ യാത്രകൾ ഒക്കെയും പുത്തേറ്റ് ട്രാവൽ വ്ലോഗ് എന്ന യൂടൂബ് ചാനൽ വഴി ലോകത്തിന് മുന്നിൽ എത്തിക്കുക കൂടി ചെയ്തതോടെയാണ് ജലജ താരമായി മാറിയത്.രസകരമായ ആ വീഡിയോകൾക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഉള്ളത്. ഭാഷ - ദേശ അതിർവരമ്പുകൾക്കപ്പുറം നിരവധി ആരാധകരാണ് അവർക്കുള്ളത്. ഇപ്പോൾ തമിൾനാട്ടിൽ നിന്നും കാശ്മീരിലേയ്ക്കുളള ഒരു ചരക്ക് നീക്കത്തിലാണ് ജലജയും ഭർത്താവും .
ഒരു ട്രക്ക് ഡ്രൈവറായി കരിയർ തുടങ്ങിയ ഭർത്താവ് രതീഷ് പിന്നീട് ഘട്ടം ഘട്ടമായ മുപ്പതോളം ട്രക്കുകൾ സ്വന്തമാക്കി. അങ്ങനെ 2019 ലെ വിവാഹവാർഷിക ദിനത്തിലാണ് ജലജ കശ്മീരിലേക്ക് ഭർത്താവിൻ്റെ കൂടെ ട്രക്കിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് . 2018ൽ ഹെവി ഡ്രൈവിങ് ലൈസൻസ് നേടിയതാണ്. പക്ഷേ ഓടിക്കാൻ പേടി. ഓടിച്ചാൽ കൊണ്ടുപോകാം എന്നു രതീഷ് പറഞ്ഞതോടെ ജലജ ഡ്രൈവിങ് സീറ്റിൽ കയറിയിരുന്നു.
19 വർഷം വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ജലജ രതീഷിന്റെ ട്രക്ക് ജീവിതത്തിന്റെ തുടക്കമായിരുന്നു അത്.
.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചരക്ക് നീക്കം നടത്തി കൊണ്ട് ട്രക്ക് ജീവിതം തുടരുകയാണ് ജലജ . തൻ്റെ രണ്ട് പെൺമക്കൾക്കും ലോറി ഓടിക്കാനുള്ള പ്രചോദനം ആകുകയും ചെയ്തിട്ടുണ്ട് അവർ. സ്ത്രീകൾക്ക് ഏത് തൊഴിൽ മേഖലയിലേയ്ക്കും കടന്ന് ചെല്ലാൻ സാധിക്കുമെന്നതിന് ഉത്തമ ഉദാഹരണം ആയി മാറിയിരിക്കുകയാണ് ട്രക്ക് ഡ്രൈവറായ ജലജ.