വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച് പാനൂർ ഏലാങ്കോട് ബാലിയിൽ മുഹമ്മദ് ഹാജിയുടെ ഹൃദയം തൊട്ട വാക്കുകൾ
Baliyil mhd haji
വയനാടിനെ ചേർത്തു പിടിക്കുക.
ബാലിയിൽ മുഹമ്മദ് ഹാജി വയനാട്ടിലെ ദുരന്ത ഭൂമി സന്ദർശിച്ച് എഴുതിയ ഹൃദയം തൊട്ട വരികൾ
ആ ശേഷിപ്പുകൾ പറയുംദുരന്തത്തിൻ്റെ ഭീകരത ദുരന്തത്തിൻ്റെ ആഴപ്പരപ്പുകൾ രേഖപ്പെടുത്താൻ ഏത് ഭാഷയാണ് മതിയാവുക എന്നെനിക്കറിയില്ല !
ഏതേത് വാക്കുകൾക്കാണ് ആ വേദനയുടെ ഭാരം താങ്ങാനാവുക എന്നും നിശ്ചയമില്ല. കാരണം,മനുഷ്യനും അവൻ കൈവരിച്ച എല്ലാ നേട്ടങ്ങളും തീർത്തും നിസ്സഹായമായി നിന്നുപോയ ആ ദുരന്തത്തിന് മുമ്പിൽ,നാം കാലങ്ങളിലൂടെ രൂപപ്പെടുത്തിയ ഭാഷ മാത്രം പിടിച്ചുനിൽക്കുകയില്ലല്ലോ!
അതുകൊണ്ട്, ഭാഷ അതീവ ദുർബലമായിരിക്കത്തന്നെ,
ആ ദുരന്തഭൂമിയിലെ ചില കാഴ്ച്ചകൾ എന്നിലുണർത്തിയ വികാരങ്ങൾ പങ്കുവെക്കാതെ വയ്യ എന്ന അസ്വസ്ഥതയിൽ നിന്നാണ് ഈ കുറിപ്പ്.
പലതുകൊണ്ടും വയനാട് എൻ്റെ ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. മേപ്പാടിയും പിണങ്ങോടും മറ്റു പല പ്രദേശങ്ങളും കാലങ്ങളായി ഞാൻ കടന്ന്പോ കുന്നുണ്ട്. വയനാടിൻ്റെ മണ്ണും മലകളും കാറ്റും കുളിരും എൻ്റെ മനസിനെ തഴുകിത്തണുപ്പിച്ചിട്ടുമുണ്ട്.
വടുവൻചാലിലേക്കുള്ള എൻ്റെ യാത്രാവഴികളോട് ചേർന്നുകിടക്കുന്ന മുണ്ടക്കൈ - ചൂരൽമല പ്രദേശത്തെ ഉരുൾ ദുരന്തം വിഴുങ്ങിയ വാർത്ത കൂടുതലായി എൻ്റെ ഉള്ളുലച്ചത് ഇതുകൊണ്ടു കൂടിയാകണം.
ദുരന്തബാധിത പ്രദേശങ്ങളിൽ പോകണമെന്ന് ആദ്യമേ ആഗ്രഹിച്ചിരുന്നു, വേണമെങ്കിൽ അവസരം ലഭിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ഞാനത് ബോധപൂർവം വേണ്ടെന്ന് വെക്കുകയാണുണ്ടായത്.
ശാരീരികമായ സേവനം അനിവാര്യമായ സന്ദർഭമായിരുന്നു അത്.
സമർപ്പിത മനസ്കരായ യുവാക്കളും സന്നദ്ധസംഘടനകളും, ഗവൺമെൻ്റ്ഏജൻസികളും കയ്മെയ് മറന്ന്അത്യധ്വാനം ചെയ്യുന്ന ആ സന്ദർഭത്തിൽഒരു കാഴ്ച്ചക്കാരനായി അവിടം സന്ദർശിക്കാൻ എൻ്റെ മൂല്യബോധം എന്നെ അനുവദിക്കുന്നുണ്ടായിരുന്നില്ല.ദുരന്തം ആഴ്ച്ചകൾ പിന്നിട്ടു കഴിഞ്ഞ സപ്തംബർ 15 ന്, ആ മഹാദുരന്തത്തിൻ്റെ ഓർമ്മയിടങ്ങളിലൂടെ യാത്ര ചെയ്യാൻഅവസരമുണ്ടായി. 13 ന് വെള്ളിയാഴ്ച്ച കുറ്റ്യാടി വഴി പീസ് വില്ലേജിലെത്തി,പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ കണ്ട ശേഷം, മേപ്പാടിയും കടന്ന്, വടുവൻചാലിലെ തോട്ടത്തിൽ കുടുംബസമേതംരാLപാർത്തു. അവിടെ കുന്നിൻമുകളിലെ വീട്ടിൽ നിന്ന് നോക്കിയാൽ, മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടിയതിൻ്റെ പ്രഭവകേന്ദ്രം കാണാം. നാലോ, അഞ്ചോ കിലോമീറ്ററേ അങ്ങോട്ട് വഴി ദൂരമുണ്ടാകൂ എങ്കിലും, കാൽനടയായിഅങ്ങോട്ട് എത്തിപ്പെടുക ദുസ്സഹമാണ്.
അടുത്ത ദിവസം ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യാത്ര പുറപ്പെട്ടെങ്കിലും പ്രവേശനാനുമതി ലഭിച്ചില്ല. അങ്ങോട്ടുള്ള പ്രവേശനത്തിന് ഗവൺമെൻ്റ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതിൻ്റെ കാരണങ്ങൾ പോലീസുദ്യോഗസ്ഥർ വിശദീകരിച്ച് തരികയും ചെയ്തു. പീന്നീട്,
സെപ്തംബർ 15 ന്, മിസ്റ്റി ഡാം റിസോർട്ടിൻ്റെ മാനേജർ ഹിദായത്ത് വഴി ലഭിച്ച പ്രത്യേക അനുമതിയോടു കൂടിയാണ് രണ്ടോ, മൂന്നോ പോലീസ് ചെക്ക് പോസ്റ്റുകൾ കടന്ന് ഞങ്ങൾ ദുരന്തഭൂമിയിൽ എത്തിയത്.
ഉരുൾപൊട്ടൽ നടന്ന അന്ന് മുതൽ, സന്ദർശനത്തിൻ്റെ തലേന്നാൾ വരെ,വീഡിയോകളിൽ കണ്ടറിഞ്ഞതിലും അനുഭവ വിവരണങ്ങളിലും മാധ്യമ റിപ്പോർട്ടുകളിലും വായിച്ചറിഞ്ഞതിലുംഎത്രയോ ഭീകരമാണ് ദുരന്തഭൂമിയിലെ നേർക്കാഴ്ച്ചകൾ. വിദൂരത്തിരുന്ന്വാർത്തകൾ വായിച്ച് രേഖപ്പെടുത്തുന്ന
നടുക്കങ്ങളും പ്രകടിപ്പിക്കുന്ന
അനുകമ്പകളും, ഉരുൾപൊട്ടലിൽ ഒഴുകിവന്ന പടുകൂറ്റൻ പാറക്കല്ലുകൾക്ക് മുമ്പിൽ ഒന്നുമല്ല! ഭീമാകാരമായ ആ കല്ലുകൾ തകർത്തെറിഞ്ഞ ദേശങ്ങളുടെയും ജീവിതങ്ങളുടെയും
പ്രതീകമായി, പാതി തകർന്ന പള്ളിയും പള്ളിക്കൂടവും നമുക്ക് തരുന്ന മുന്നറിയിപ്പുകൾ, താക്കീതുകൾ, തിരിച്ചറിവുകൾ... എന്തെല്ലാമായിരിക്കും!
ഒരു ജനതയുടെ എല്ലാമെല്ലാം എതാനും മിനിറ്റുകൾ കൊണ്ട് നാമാവശേഷമായ ശേഷം ദുരന്തഭൂമിയിൽ ബാക്കിയാവുന്ന അവശിഷ്ടങ്ങളിൽ തന്നെയല്ലേ
നമുക്ക് വലിയ പാഠങ്ങളുള്ളത്!
എത്രമേൽ ഉയരത്തിലും ശക്തിയിലും
കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലാണ്, രണ്ടു ദേശങ്ങളെയും അനേകം സ്വപ്നങ്ങളെയും കടപുഴക്കി കടന്നു പോയത്! ആ മണ്ണിൽ കാലൂന്നി നിൽക്കുമ്പോൾ മനസിൽ ഇടക്കിടെ കൊള്ളിയാൻ മിന്നുന്നുണ്ടായിരുന്നു.
പലപ്പോഴും ഞാൻ സ്തബ്ധനായി
നിന്നു പോയി! ദുരന്തത്തെ അതിജീവിച്ചവരുടെ വേദനകളും സങ്കടങ്ങളും, അവരുടെ തുടർ ജീവിതം നേരിടുന്ന വെല്ലുവിളികളും എല്ലാ മനുഷ്യരുടെയും മനസിൽ പൊതുവായും വിശ്വാസികളിൽ സവിശേഷമായും ആഴത്തിൽ തൊടേണ്ടതുണ്ട്. മാറ്റങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. സഹജീവികളുടെ കഷ്ടനഷ്ടങ്ങൾ നമ്മുടെ മനസിൽ മുറിവുണ്ടാക്കേണ്ടതുണ്ട്. ആ മുറിവ്
നമ്മെ കൂടുതൽ മൂല്യവൽക്കരിക്കണം,
യാഥാർത്ഥ്യബോധം ഉളളവരാക്കണം!
ചിന്തിച്ച് നോക്കൂ, എങ്ങിനെയാണ് നാം ഈ വേദനകളെ കടന്നു പോവുക? കാലമേ, എങ്ങിനെയാണ് ആ മനുഷ്യർ ആഴമളക്കാനാകാത്ത മുറിവുകൾ തുന്നിക്കെട്ടി, ജീവിതം മുന്നോട്ട് തുഴയുക?
ഈ ചോദ്യങ്ങളുടെ മുനയേറ്റ് എൻ്റെ മനസിൽ നിന്ന് ചോരപൊടിഞ്ഞത്,
കൂട്ടക്കുഴിമാടങ്ങളുള്ള ആ ശ്മശാനഭൂമിയിൽ നിൽക്കുമ്പോഴാണ്.
അടക്കം ചെയ്ത മൃതദേഹങ്ങൾ, പിന്നീട് തിരിച്ചറിഞ്ഞ്, മാറ്റി സംസ്കരിച്ച ഇടങ്ങൾ കണ്ടപ്പോഴാണ്, മകളെയും പേരമക്കളെയും അടക്കം ചെയ്ത ഖബറുകൾക്കടുത്ത് നെഞ്ച് പൊട്ടിയിരിക്കുന്ന പിതാവിനെ കണ്ടപ്പോഴാണ്.
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും വ്യത്യസ്ത കുഴികളിലായി മറവു ചെയ്ത ആ ശ്മശാനഭൂമിയിലെ വെളുത്ത അടയാളക്കല്ലുകൾ നമ്മോട് എന്തൊക്കെയോ വിളിച്ചു പറയുന്നതായി
മനസ് മന്ത്രിച്ചു. ഇതിനിടെ, സുഹൃത്ത് സിദ്ദീഖിൻ്റെ പിതാവ് പത്തായക്കോടൻ മമ്മുട്ടിക്ക മരണപ്പെട്ട വിവരമറിയുന്നത്.
ഞങ്ങൾ മൈലാടിയിൽ എത്തുമ്പോഴേക്കും മയ്യിത്ത് ഖബറടക്കി കഴിഞ്ഞിരുന്നു. ഖബറിനടുത്ത് ചെന്ന് ഞങ്ങൾ മയ്യിത്ത് നമസ്കരിച്ചു. അവിടെ കണ്ടൊരു കാഴ്ച്ച....! ഒരു പിതാവ് ഖബറുകൾക്കടുത്ത് നിൽക്കുന്നു. അദ്ദേഹത്തിൻ്റെ മകളുടെതും പത്തും ആറും വയസുള്ള രണ്ട് മക്കളുടെതുമാണ് ആ ഖബറുകൾ. ഉരുൾ ദുരന്തത്തിൽ മരിച്ചവരാണെങ്കിലും,
അവരെ ഇവിടെ ഖബറടക്കിയതും
തലേ ദിവസമായിരുന്നു. മറ്റൊരു കുടുംബത്തിൻ്റേതാണ് എന്ന ധാരണയിൽ കൂട്ടക്കുഴിമാടങ്ങളുള്ള ചൂരൽമലയിലെ ശ്മശാനത്തിലാണ് ഇവരെ ആദ്യം അടക്കിയിരുന്നത്. ഡി.എൻ.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞപ്പോഴാണ്,
ആഴ്ച്ചകൾക്ക് ശേഷം അവശിഷ്ടങ്ങൾ പുറത്തെടുത്ത് മൈലാടിയിലെ ഖബറിസ്ഥാനിൽ അടക്കിയിരിക്കുന്നത്.
ദുരന്തത്തിൽ കാണാതായ മകളുടെ ഭർത്താവിൻ്റെ മൃതദേഹം നേരത്തെ ഈ ഖബറിസ്ഥാനിൽ മറവ് ചെയ്തിരുന്നു. എന്നാൽ, ഡി.എൻ.എ ടെസ്റ്റിൽ ആ മൃതദേഹം സഹോദര സമുദായാംഗമായ രാജൻ്റേതാണെന്ന് മനസിലായതോടെ,
അത് പള്ളി ഖബറിസ്ഥാനിൽ നിന്ന് മാറ്റി, അദ്ദേഹത്തിൻ്റെ ബന്ധുക്കൾ ഏറ്റുവാങ്ങി മറവ് ചെയ്യുകയുമുണ്ടായി. മകളുടെ ഭർത്താവിനെ ഇനിയും കണ്ടുകിട്ടിയിട്ടുമില്ല! ഒന്നോർത്ത് നോക്കൂ, എന്തായിരിക്കും ആ പിതാവിൻ്റെ മാനസികാവസ്ഥ!
അത്തരമൊരു സാഹചര്യം നമുക്കാണെങ്കിൽ, എങ്ങിനെയായിരിക്കും
നാമതിനെ അഭിമുഖീകരിക്കുക!?
മുണ്ടക്കൈ, ചൂരൽമല ഉരുൾ ദുരന്തത്തിൻ്റെ ഭീകരത നേരിൽ കാണുമ്പോൾ മാത്രമേ നമുക്ക് ബോധ്യപ്പെടൂ എന്നതാണ് എൻ്റെ അനുഭവം! നെടുവീർപ്പുകൾ പോലും നിലച്ച് നാം നിശ്ചലരായി നിന്നു പോകുന്ന
അനേക നിമിഷങ്ങൾ ഈ യാത്രാവേളയിൽ എനിക്കുണ്ടായി.
ഇതേൽപ്പിച്ച ആഘാതത്തിന് കൂടുതൽ നോവേറ്റുന്നതായിരുന്നു, തിരിച്ചുപോരുമ്പോൾ കണ്ട വിജനമായ
വഴിദൂരങ്ങൾ. വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ള യാത്രികരാൽ നിറഞ്ഞതായിരുന്നു മിക്കപ്പോഴും വയനാട്ടിലേക്കുള്ള വഴികൾ. പക്ഷേ, ദുരന്തം നടന്ന് ആഴ്ച്ചകൾ പിന്നിടുമ്പോഴും, യാത്രികരൊഴിഞ്ഞ്
ആ വഴികൾ വിജനമായിത്തന്നെ തുടരുതയാണ് എന്നത് മറ്റൊരു വേദനയാണ്. ദുരന്തത്തിൻ്റെ നേരിട്ടുള്ള ഇരകൾക്ക് പുറമെ, വയനാട് ജില്ലയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും ദുരന്തത്തിൻ്റെ
തുടർച്ചയായുള്ള പ്രത്യാഘാതങ്ങൾ
അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
സാമ്പത്തികമായും സാമൂഹികമായും
ഒരു ഭൂപ്രദേശം പ്രയാസത്തിലാവുകയാണ്.
അതുകൊണ്ട്, മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതരെ ചേർത്തു പിടിക്കുക എന്നതിന്
ഇപ്പോൾ, വയനാടിനെ ചേർത്തു പിടിക്കുക എന്നുതന്നെയാണ്അർത്ഥം.
ബലിയിൽ മുഹമ്മദ് , പാനൂർ