അന്ന സെബാസ്റ്റ്യന്റെ വീട് യുവജന കമ്മീഷൻ ചെയർമാൻ എം ഷാജർ സന്ദർശിച്ചു.
എറണാകുളം കങ്ങരപടിയിലെ വീടാണ് സന്ദർശിച്ചത്.
എറണാകുളം : ജോലി സമ്മർദ്ദം താങ്ങാനാവാതെ മരണപ്പെട്ട പൂണെ ഇ.വൈ കമ്പനിയിലെ ജീവനക്കാരി അന്ന സെബാസ്റ്റ്യന്റെ എറണാകുളം കങ്ങരപ്പടിയിലെ വീട് എം ഷാജർ സന്ദർശിച്ചു.
യുവജന കമ്മീഷൻ അംഗം അബേഷ് അലോഷ്യസ് കൂടെ ഉണ്ടായിരുന്നു.
വർക്ക് - ലൈഫ് ബാലൻസ് ഏതൊരു മനുഷ്യനെ സംബന്ധിച്ചും അനിവാര്യമായ ഒന്നാണ്. ഏറ്റവും മിടുക്കിയായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി, മറ്റേത് ചെറുപ്പക്കാരെയും പോലെ അന്നയും ആഗ്രഹിച്ചത് തന്റെ തൊഴിൽ മേഖലയിൽ ഏറ്റവും മികവ് തെളിയിക്കുക എന്നതായിരുന്നു. എന്നാൽ ഇന്ന് പല കോർപ്പറേറ്റ് സ്ഥാപനങ്ങളിലും സാധാരണമായി കൊണ്ടിരിക്കുന്ന വിധത്തിൽ ജോലി സമ്മർദ്ദവും അതിനെ തുടർന്നുണ്ടായ ശാരീരികവും മാനസികവുമായ പ്രയാസങ്ങളുമാണ് അന്നയുടെ മരണത്തിലേക്ക് നയിച്ചത്.
ജോലി ജീവിതത്തിന്റെ ഭാഗമാണന്നിരിക്കെ പൂർണ്ണമായി ജോലിയിലേക്ക് സമയവും ശ്രദ്ധയും ചെലവഴിക്കാൻ ജീവനക്കാരെ നിർബന്ധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. തൊഴിലിടത്തെ സുരക്ഷിതമായ സാഹചര്യം ഉറപ്പാക്കേണ്ടതുണ്ട് എന്ന തിരിച്ചറിവ് എല്ലാ മാനേജ്മെന്റുകൾക്കും ഉണ്ടാകേണ്ടതാണ്.
അന്നയുടെ അമ്മ ഇ.വൈയുടെ ഇന്ത്യൻ മേധാവി രാജീവ് മേമനിക്ക് അയച്ച കത്തിലൂടെയാണ് വിവരം ലോകം അറിഞ്ഞത്. ഇന്ന് ലോകമെമ്പാടും അന്നയുടെ മരണത്തിന്റെ പ്രതിഷേധ സമരങ്ങൾ അലയടിക്കുകയാണ്. നിശബ്ദയായിരിക്കാതെ തന്റെ മകൾക്ക് ഉണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന നിശ്ചയത്തോടെ പോരാടാൻ ഉറച്ച അന്നയുടെ അമ്മയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു കൊണ്ടാണ് എം ഷാജർ പുറത്തിറങ്ങിയത്.