റഷ്യയിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം സെപ്റ്റംബർ 29ന് വീട്ടിലെത്തിക്കും

റഷ്യയിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം സെപ്റ്റംബർ 29ന് വീട്ടിലെത്തിക്കും
Posted by RASHIK POOKKOM

റഷ്യൻ സൈന്യത്തിനൊപ്പം പ്രവർത്തിച്ചുവരവേ യുക്രൈയിനിലെ ഡോണെസ്‌കിൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തൃശൂർ ആമ്പല്ലൂർ കല്ലൂർ കാഞ്ഞിൽ വീട്ടിൽ സന്ദീപ് ചന്ദ്രന്റെ മൃതദേഹം സെപ്റ്റംബർ 29 ന് വീട്ടിലെത്തിക്കുമെന്ന് നോർക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. പുലർച്ചെ മൂന്നിന് എമിറേറ്റ്സ് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതിക ശരീരം നോർക്ക പ്രതിനിധി ഏറ്റുവാങ്ങും. തുടർന്ന് നോർക്ക സജ്ജമാക്കുന്ന ആംബുലൻസിൽ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

        സന്ദീപ് ചന്ദ്രന്റെ ഭൗതികശരീരം നാട്ടിലെത്തിക്കണമെന്നും റഷ്യയിൽ തൊഴിൽ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ  കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് റഷ്യയിലെ ഇന്ത്യൻ എംബസിയുടെ സഹായം നോർക്ക തേടിയിരുന്നു.