സീതാറാം യെച്ചൂരിയെ ദേശിയമാധ്യമങ്ങളും നേതാക്കളും വിഭ്യാർത്ഥികളും അനുസ്മരിക്കുകയാണ്.
രാജ്യത്തിന്റെ രാഷ്‌ട്രപതി മുതൽ ആന്ധ്രായിലെ കാക്കിനാടയിലെ സാധാരണ ട്രാൻസ്‌പോർട്ട് ജീവനക്കാരൻ വരെ അനുസ്മരിക്കുന്നുണ്ട്.
ശ്രദ്ധേയമായ ചില അനുസ്മരണങ്ങൾ കണ്ടു.ഡൽഹിയിലെ രാഷ്ട്രീയ- സാമ്പത്തിക- അധികാര ഇടങ്ങളിലെ ഏറ്റവും മുൻനിരക്കാരനായി ഇപ്പോഴും നിൽക്കുന്ന കപിൽ സിബൽ പറയ്യുന്നതാണ് ഒന്നാമത്തേത്,
'ഡൽഹിയിലെ ന്യൂനപക്ഷങ്ങൾക്കും തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും വേണ്ടി തെരുവിന്റെ അരികിൽ ഇരുന്നും നിന്നും കൊണ്ട് ഇടപ്പെടുമ്പോഴൊന്നും ആ ആവിശ്യക്കാരുടെ- അവകാശികളുടെ ചിലവിൽ ഒരു കാലി ചായ പോലും യെച്ചൂരി കുടിച്ചിട്ടുണ്ടാവില്ല. മതേതരത്തത്തിന് വേണ്ടി ഈ രീതിയിൽ പറയുകയും പ്രവർത്തിക്കുകയും ചെയ്ത നേതാക്കൾ രാജ്യത്ത് അപൂർവങ്ങളിൽ അപൂർവമാണ്.സംഘർഷങ്ങൾക്ക് ഉള്ളിലും യെച്ചൂരി കണ്ടെത്തുന്ന സൊല്യൂഷൻ യോജിപ്പുകളെ പൂർണതയോടെ നിലനിർത്തും.'
ജയറാം രമേശ് പറഞ്ഞൊരു കാര്യം യെച്ചൂരിക്ക് ഡൽഹിയിലെ എല്ലാ വാതിലുകളും തുറന്ന് കിടന്ന കാലത്തും അല്ലാത്തപ്പോഴും ഉടുക്കുന്ന വസ്ത്രം മുതൽ ഉപയോഗിക്കുന്ന ചെറിയ വസ്തുക്കൾ വരെ ഇന്ത്യയിലെ ഏറ്റവും സാധാരണക്കാർക്ക് കൂടി ലഭ്യമാവുന്നതായിരുന്നു എന്നാണ്. മൂന്നോ നാലോ യൂണിയൻ ഗവർമെന്റുകളെ നിർണയികുമ്പോഴും ഒരു വലിയ സ്റ്റേറ്റിന്റെ ഭരണ അധികാരനിയന്ത്രണത്തിൽ നേരിട്ട് നയപരമായി ഇടപെടുമ്പോഴും സിപിഐഎം എന്ന പാർട്ടി നൽകിയ സാമ്പത്തിക സൗകര്യങ്ങൾക്ക് അപ്പുറം ഒരിക്കലും നിന്നിരുന്നില്ല യെച്ചൂരി. ഇ.എം.എസും സുർജിത്തും കാരാട്ടുമൊക്കെ ഈ വഴിയിൽ ആയിരുന്നെങ്കിലും പാർട്ടിക്ക് പുറത്തുള്ള രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഇടപെട്ട് കൊണ്ട് ഇന്ത്യയെ നയിച്ചൊരു കമ്യൂണിസ്റ്റ് കൂടിയാണ് യെച്ചൂരി.അത്കൊണ്ട് സിബലിനും ജയറാമിനും അൽഭുതമുണ്ടാക്കുന്ന രീതിയിൽ പാർട്ടിയുടെ യശസ് കൂടി ഉയർത്തി അവർക്കിടയിലെ സീതാറാം സൗഹൃദം.
വൈകാരികമായി പ്രതികരിച്ച മറ്റൊരാൾ RJD നേതാവ് മനോജ് ജായാണ്.'എപ്പോൾ കണ്ടാലും, ഈ അടുത്ത് കണ്ടപ്പോൾ പോലും 'what next manoj, what should be do' എന്ന് ഇന്ത്യയെ കുറിച്ച് നിറയെ ഐഡിയകൾ നിറഞ്ഞ സഖാവ് ചോദിച്ചു. എല്ലാ മരണങ്ങളും വലിയ വലിയ വിടവുകളാണ്,എന്നാൽ ഇന്ത്യയുടെ ഈ വിടവ് നികത്തപ്പെടുക എന്നത് ക്ലേശകരമാണ്. ചിന്തിച്ചെടുത്താൽ പ്രയാസവും ദുഖവും പ്രതീക്ഷയും നമ്മെ അലോസരപ്പെടുത്തുന്ന വിടവാണ് സീതാറാമിന്റേത്, ലാൽ സലാം സഖാവെ! ''
ഫാറൂഖ് അബ്ദുള്ള 'ഒരു പോരാളിയുടെ ജീവിതം അവസാനിക്കുമ്പോൾ ഇന്നാലില്ലാഹി ഇന്നാ ഇലൈഹി റാചിവൂൺ' എന്നാണ് പറഞ്ഞത്.ഇതിന് മുമ്പ് മുസ്ലിങ്ങളും മുസ്ലിം നേതാക്കളും 'ഇന്നാലില്ലാ' പറഞ്ഞത് മറ്റൊരു ബ്രാഹ്മണനായ നെഹ്‌റു മരിച്ചപ്പോഴാണ്.
ഇന്ന് കശ്മീരിലെ, ഡൽഹിയിലെ മുസ്ലിങ്ങൾ ആത്മാർത്ഥതയോടെ ഇന്നാലില്ലാ പറയും.
മദ്രാസിലും കാശ്മീരിലും കണ്ണൂരിലും കൊൽക്കത്തയിലും സികാറിലുമുള്ള സാധാരണക്കാർ യെച്ചൂരിയെ ഓർക്കുന്നു.
ഒരിക്കലും ജനക്കൂട്ടം ഉണ്ടാക്കിയ നേതാവായിരുന്നില്ല യെച്ചൂരി.ജനക്കൂട്ടത്തെ ഉണ്ടാക്കിയ ആളുമല്ല,എന്നാൽ ജനക്കൂട്ടത്തിന്റെ രാഷ്ട്രീയം മൗലികമാവണമെന്നും വിഭജനമാവരുതെന്നും സീതാറാം വാശി പിടിച്ചു. ആ വാശിയാണ് ധിക്ഷണാശാലിയെ നേതൃത്വമാക്കുന്നത്. ജനങ്ങളെക്കാൾ പലപ്പോഴും ശരി മൂല്യങ്ങൾക്കാണ്. മോബുകൾ ഉണ്ടാക്കുന്ന ഓളങ്ങളിൽ രാഷ്ട്രീയം മലിനമാവരുത് എന്നാണ് മാർകിസ്റ്റിന്റെ ബോധ്യങ്ങളെന്ന് ഓരോ വട്ടവും ജനക്കൂട്ടങ്ങളിൽ അഭിരമിച്ച വലത് നേതാക്കളെ പോലും യെച്ചൂരി ഓർമിപ്പിച്ചത് സൗഹൃദങ്ങൾ കൊണ്ടാണ്.
മുത്തശ്ശിയെ തിരുത്തി- സീതാറാം ഉറപ്പ് വരുത്തിയ ഇന്ത്യയുടെ ആത്മാവിൽ കൊച്ചുമകൻ ആത്മാർത്ഥതയോടെ കയ്യൊപ്പ് വെക്കുമ്പോൾ യെച്ചൂരി രാഹുൽ ഗാന്ധിയെ നോക്കി സ്നേഹത്തോടെ ചിരിക്കും.
പടർന്നും പന്തലിച്ചും കിടക്കുന്ന ഇന്ത്യയുടെ ഭൂപടങ്ങളിൽ നിന്നും വെത്യസ്ഥ ഭാഷയിൽ പല ജാതിയിൽ പ്പെട്ട നേതാക്കൾ ഒരു മാർകിസ്റ്റിനെ കുറിച്ച് ഇത്ര സൗഹാർദപരമായി അനുസ്മരിക്കുന്ന കാഴ്ച്ച തന്നതിന് നന്ദി സീതാറാം.