തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം : മുഖ്യമന്ത്രി

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കം

തിരുവനന്തപുരം പുസ്തക തലസ്ഥാനമാകണം : മുഖ്യമന്ത്രി
RASHIK POOKKOM

ഇനി ആറുനാൾ അനന്തപുരി പുസ്തക വസന്തത്തിന്റെ നിറവിൽ

നിയമസഭാ പുരസ്‌കാരം എം. മുകുന്ദന് സമ്മാനിച്ചു

കേരളത്തിന്റെ തലസ്ഥാനത്തിന് പുസ്തക തലസ്ഥാനമാകാനുള്ള സർവ യോഗ്യതയുമുണ്ടെന്നും ഇതിനായി യുനെസ്‌കോയ്ക്ക് നിയമസഭാ സ്പീക്കർ കത്തയയ്ക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ എൽ ഐ ബി എഫ് ) മൂന്നാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോഴിക്കോട് ലോക സാഹിത്യനഗരി ആയതുപോലെ തിരുവനന്തപുരം യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ സ്ഥാനത്തിന് അർഹമാകണം. യുനെസ്‌കോയ്ക്ക് ഓരോ വർഷവും ഓരോ നഗരത്തെ ലോക പുസ്തക തലസ്ഥാനമായി അംഗീകരിക്കുന്ന ഒരു പദ്ധതിയുണ്ട്. ഇന്ത്യയിലെ ഏതെങ്കിലുമൊരു നഗരത്തിന് യുണൈറ്റഡ് നേഷൻസിന്റെ പുസ്തക തലസ്ഥാനം 'വേൾഡ് ബുക്ക് ക്യാപിറ്റൽ' എന്ന പദവിക്ക് അർഹതയുണ്ടെങ്കിൽ ആദ്യം പരിഗണനയ്ക്ക് വരേണ്ടത് കേരളത്തിന്റെ നഗരങ്ങളാണ്.

 യു എൻ രൂപീകൃതമായ 1945ൽതന്നെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു തുടക്കം കുറിച്ചവരാണ് നമ്മൾ. എം പി പോൾ എസ് പി സി എസ് രജിസ്റ്റർ ചെയ്യുന്നതും അന്നാണ്. നാഷണൽ ബുക് സ്റ്റാൾ തുറക്കുന്നതും അന്നാണ്. യു എന്നിന്റെ സമാരംഭത്തിൽ അക്ഷരവുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രസ്ഥാനങ്ങൾ ആഘോഷപൂർവ്വം ആരംഭിച്ച ഈ കേരളത്തിന്റെ തലസ്ഥാനത്തിനു തന്നെയാണ് യുനെസ്‌കോയുടെ വേൾഡ് ബുക്ക് ക്യാപിറ്റൽ പദവി കിട്ടേണ്ടത്. അത് നേടിയെടുക്കുമെന്ന പ്രതിജ്ഞയോടെയാവണം ഈ അക്ഷരോത്സവത്തിന്റെ സമാരംഭം. പുസ്തകോത്സവ തലസ്ഥാനമാകാനുള്ള സർവയോഗ്യതയുമുള്ള തിരുവനന്തപുരം ലോക സാഹിത്യ ഉത്സവ ഭൂപടത്തിൽ അടയാളപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, തോപ്പിൽ ഭാസി, മുതൽ  പ്രൊഫ. എം കെ സാനുവും കവി കടമ്മനിട്ട രാമകൃഷ്ണനും വരെ നിരവധി സാഹിത്യപ്രതിഭകൾ നിയമസഭയിൽ അംഗങ്ങളായിരുന്നിട്ടുണ്ട്. സഭയിൽ അംഗങ്ങളായിരുന്ന ഇ എം എസ്, അച്യുതമേനോൻ, പി ഗോവിന്ദപ്പിള്ള തുടങ്ങി ധാരാളം പ്രമുഖർ സാഹിത്യരംഗത്തുകൂടി സംഭാവനകൾ ചെയ്തവരാണ്. അതിനാൽ നിയമസഭാ പുസ്തകോത്സവത്തിന് പ്രത്യേകമായ ഔചിത്യ ഭംഗിയുണ്ട്. വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയിൽ പോലും വായന തളിർക്കുന്ന അനുഭവം നിലനിന്ന നാടാണിത്. ബീഡി തെറുത്തുകൊണ്ടിരിക്കുമ്പോൾ പോലും പുസ്തകങ്ങൾ വായിച്ചു കേട്ടിരുന്നവരുടെ പൈതൃകമുണ്ട് നമുക്ക്.

കേരളത്തിൽ ഫിസിക്കൽ ബുക്ക് ഷോപ്പുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇ-റീഡിങ് വന്നപ്പോൾ പോലും പുസ്തകം കൈയിലെടുത്ത് അതിന്റെ പുതുമയുടെ ഗന്ധം ആസ്വദിച്ചു വായിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇന്ത്യയിൽ ആദ്യമായി പേപ്പർ ബാക്ക് ബുക്ക് വിപ്ലവം  സാധ്യമാക്കിയ നാടാണിത്. പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്റെ വഴികളിൽ നിന്നുമാറി രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന എം മുകുന്ദന് ഇത്തവണത്തെ നിയമസഭാ പുരസ്‌ക്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള സർഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നൽകിയ എം മുകുന്ദന്  മുഖ്യമന്ത്രി നിയമസഭാ പുരസ്‌കാരം സമ്മാനിച്ചു.

സാംസ്‌കാരിക മേഖലയിലെ അധിനിവേശങ്ങൾക്കും അരാജകചിന്തകൾക്കുമെതിരായ ചെറുത്തു നിൽപ്പാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് അദ്ധ്യക്ഷനായിരുന്ന സ്പീക്കർ എ എൻ ഷംസീർ  പറഞ്ഞു. ആധുനിക ഇന്ത്യയിൽ മതേതരത്വം ചോദ്യം ചെയ്യപ്പെടുകയും വർഗീയത ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്യുന്നു. സാംസ്‌കാരിക മേഖലയിലെ എല്ലാ തെറ്റായ പ്രവണതകൾക്കുമെതിരായ ചെറുത്തുനിൽപ്പാണ് പുസ്തകോത്സവം. നിർമിത ബുദ്ധിയുടെ കാലത്ത് ഏകാഗ്രത കുറഞ്ഞുവരുന്നുണ്ട്. സങ്കൽപങ്ങളുടെ അന്ത്യം എന്നാണ് ഈ കാലഘട്ടത്തെ വിശേഷിപ്പിക്കാനാവുക. ഡിജിറ്റൽ ഇടപെടലുകളും സമൂഹമാധ്യമങ്ങളും വായനയെ സ്വാധീനിക്കുന്നു. ഏകാഗ്രതയുടെ ദൈർഘ്യം കുറയുന്ന ഈ കാലത്ത് വായനയെ എങ്ങനെ തിരിച്ചുപിടിക്കാം എന്നു കൂടി കെ എൽ ഐ ബി എഫ് അന്വേഷിക്കുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞു.

സംസ്‌കാര ഭാഷാ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിൽ രാജ്യത്തിന് മാതൃകയായ കേരളം അറിവിന്റേയും പുരോഗതിയുടേയും അഗോളമുദ്രയാണെന്ന് മുഖ്യാതിഥിയായിരുന്ന കർണാടക സ്പീക്കർ യു. ടി ഖാദർ ഫരീദ്  പറഞ്ഞു. വിദ്യാഭ്യാസത്തേയും സാഹിത്യത്തേയും  പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള നിയമസഭയുടെ ദീർഘവീക്ഷണത്തോടെയുള്ള ദൗത്യമാണ് പുസ്തകോത്സവം. ഇതിന്റെ ഊർജം ഉൾക്കൊണ്ട് കർണാടകയിലും പുസ്തകോത്സവം സംഘടിപ്പിക്കുന്നതിനുള്ള പിന്തുണയും അദ്ദേഹം തേടി. തലമുറകളെ വായനയിലേക്ക് നയിച്ച എം മുകുന്ദനെ നിയമസഭാ അവാർഡ് നേടിയതിൽ പ്രതിപക്ഷനേതാവ്  വി ഡി സതീശൻ അഭിനന്ദിച്ചു.

ലഭിച്ച പുരസ്‌കാരങ്ങളിൽ താൻ ഏറ്റവും വിലമതിക്കുന്നത് നിയമസഭാ പുരസ്‌കാരമെന്ന് മറുപടി പ്രസംഗത്തിൽ എം മുകുന്ദൻ പറഞ്ഞു. മൂന്നരക്കോടി ജനങ്ങൾ നീതിക്കും തുല്യതയ്ക്കും വേണ്ടി ഉറ്റുനോക്കുന്ന മഹനീയമായ നിയമസഭയിൽ നിന്നും പുരസ്‌കാരം ലഭിച്ച നിമിഷം എന്നെന്നും ഓർമിക്കും. അറുപതോളം വർഷത്തോളം എഴുതിയതിനാണ് തനിക്ക് വാർദ്ധക്യം ബാധിച്ചത്. എഴുത്തുയാത്ര എളുപ്പമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂപരിഷ്‌കരണ നിയമത്തിലൂടേയും വിദ്യാഭ്യാസ ബില്ലിലൂടേയും മുന്നേറിയ കേരളം ആധുനിക നിർമിതിയിലേക്കുള്ള പ്രയാണം തുടരേണ്ടതുണ്ട്. വർഗീയതയും ഫാസിസവും ഈ പുണ്യഭൂമിയിലേക്ക് കടക്കാൻ അനുവദിക്കരുത്. എഴുത്തുകാരും സർക്കാരും ജനനന്മക്കായി ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ സ്മരണിക പ്രശസ്ത സാഹിത്യകാരൻ ദേവ്ദത്ത് പട്‌നായിക്ക് പ്രകാശനം ചെയ്തു. ഡോ.മൻമോഹൻ സിംഗിനും എം ടി വാസുദേവൻ നായർക്കും അനുശോചനം അർപ്പിച്ച് ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിച്ചു. മന്ത്രിമാരായ കെ ബി ഗണേഷ് കുമാർ, ജി ആർ അനിൽ, ചീഫ് വിപ്പ് ഡോ എൻ ജയരാജ്,  ജില്ലാ കളക്ടർ അനുകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.  നിയമസഭ സെക്രട്ടറി ഡോ എൻ കൃഷ്ണകുമാർ നന്ദി പറഞ്ഞു.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം പതിപ്പ് ഉദ്‌ഘാടനം തത്സമയം
https://fb.watch/wZigQ_leka/