നിയമക്കുരുക്ക് അഴിക്കാൻ മെഗാ ലോക് അദാലത്ത് ഒക്ടോബർ രണ്ടിന്
ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെയും, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് മെഗാ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു.
ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ, മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും ഒക്ടോബർ രണ്ടിന് രാവിലെ 10 മണി മുതൽ തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ്, പയ്യന്നൂർ, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളിൽ നടത്തപ്പെടുന്ന അദാലത്തിൽ പരിഗണിക്കും.
ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടേയോ താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റികളുടേയോ നോട്ടീസ് ലഭിച്ചവർ കൃത്യസമയത്ത് നോട്ടീസിൽ പറയും പ്രകാരം ഓഫീസുകളിൽ എത്തിച്ചേരണമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ കെ ടി നിസാർ അഹമ്മദ് അറിയിച്ചു.