നിയമസഭാ പുസ്തകോത്സവം; ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നടന്നു

നിയമസഭ പുസ്തകോത്സവം: ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും നടന്നു.

കേരള നിയമസഭ മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.

നിയമസഭ പുസ്തകോത്സവത്തിന്റെ മൂന്നാം എഡിഷൻ ലോകോത്തര എഴുത്തുകാരെ ഉൾപ്പെടുത്തി സംഘടിപ്പിക്കുമെന്ന് സ്പീക്കർ പറഞ്ഞു. പുസ്തക പ്രസാധകർ, കച്ചവടക്കാർ എന്നിവരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. പുസ്തകോത്സവത്തിൽ വിൽപനയ്ക്ക് പുറമെ പുസ്തകങ്ങളെ പരിചയപ്പെടുത്തൽ, പുസ്തക ചർച്ചകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയും നടക്കും. രാജ്യത്തിന്റെ മഹിതമായ മതേതരപാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ഇത്തരം പുസ്തകോത്സവങ്ങൾക്ക് സാധിക്കും. നിയമസഭ പുസ്തകോത്സവത്തിന്റെ ഒന്നും രണ്ടും എഡിഷനുകൾ വലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇത്തവണത്തെ പുസ്തകോത്സവം നടക്കുന്ന ദിവസങ്ങളിൽ സംസ്ഥാന സ്‌കൂൾ കലോത്സവവും തിരുവനന്തപുരത്ത് നടക്കുകയാണ്. അതിനാൽ കൂടുതൽ കുട്ടികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സ്പീക്കർ പറഞ്ഞു.

പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം. എൽ. എമാരായ കെ. പി. മോഹനൻ, ജി. സ്റ്റീഫൻ, കവിയും മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറിയുമായ പ്രഭാവർമ, സ്പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി, അഡീഷണൽ സെക്രട്ടറി എം. എസ്. വിജയൻ എന്നിവർ സംസാരിച്ചു.